Tuesday, February 17, 2009

ഏകാന്തത

ഏകാന്തതയുടെ ചില്ലയില്‍ കാലമാം പ്രാവ് ഇരിക്കുന്നു.
വിശപ്പ് അവനെ പറത്തുന്നു, വിഹായസ്സില്‍;
കണ്ണുംനട്ട് ഭൂമിയുടെ ചവറ്റുകുട്ടകളില്‍.
ചില്ലകളുണ്ടനേകം, ഇലപൊഴിഞ്ഞ ജീവിതമരത്തിന്.
പക്ഷെ പ്രാവിനിഷ്ടം, ഏകാന്തതയെ.
ആത്മസൗന്ദര്യം, അദ്വൈതം, ഓഷോയിസം -
സരണികളുണ്ടനേകം ഒറ്റയാന്‍ ചിന്തകള്‍ക്ക്.
ഉലഞ്ഞു ജീവിതമരം, പിടഞ്ഞു ഹൃദയം -
കാലപ്രാവ് തിരിഞ്ഞുനോക്കി; കര്‍മമാം പെണ്‍പ്രാവ്!
ആണ്‍പ്രാ: "നീയെന്തിനിവിടെ?"
പെണ്‍പ്രാ: "ഞാനില്ലാതെ നീയില്ല..."
"ഹേയ്, നിറുത്തു ചിന്തതന്‍ അമ്മാനമാടല്‍,
എനിക്കു വിശക്കുന്നു..."; അവള്‍ കുറുകി.
ഏകാന്തത; മണ്ണാംകട്ട -
അവന്‍ പറന്നു അനന്തവിഹായസ്സിലേക്ക്,
കണ്ണുംനട്ട് ഭൂമിയുടെ ചവറ്റുകുട്ടകളിലേക്ക്.

Wednesday, February 4, 2009

ചൂട്

രാത്രിക്കു ചൂടാണു ബാംഗ്ലൂരില്‍. യൗവനത്തിന്റെ ചുറുചുറുക്കുള്ള ചൂട്.
സിമന്റുകൂടുകളിലെ പക്ഷികള്‍ക്ക് ചൂടു വെറുപ്പാണ്.
അതു അവരുടെ സ്വപ്നങ്ങള്‍ക്ക് കടിഞ്ഞാണിടുന്നു.

Tuesday, February 3, 2009

ഇത് ബാംഗ്ളൂര്‍

രാത്രിതന്‍ ദാരിദ്ര്യ ഭാണ്ഡമേ,
നിനക്കിവിടെയിടമില്ല.
ഇത് ബാംഗ്ളൂര്‍, ബൈനറി നഗരം,
പടിഞ്ഞാറിന്റെ സോഫ്റ്റ്-വെയര്‍ ചവറ്റുകുട്ട,
പ്ളാസ്റ്റിക്കു പണത്തിന്റെ ഗന്ധവാഹിനി.
നിന്റെ വിശപ്പ്; ഇവിടെ തമാശ.
നിന്റെ രോദനം; പുതിയ റിംഗ്ടോണ്‍.
നിന്റെ പടം; അടുത്ത ഇമെയില്‍-അറ്റാച്ച്മെന്റ്.
ഇത് ബാംഗ്ളൂര്‍, ബൈനറി നഗരം.
പായുന്ന, മേയുന്ന, ചായുന്ന, കായുന്ന,
തീക്ഷ്ണ യുവത്വം, ഇവിടെ പടുക്കുന്നു,
സോഫ്റ്റ്-വെയര്‍ ഗോപുരങ്ങള്‍.
ഇത് ബാംഗ്ളൂര്‍, ബൈനറി നഗരം.

Add to Technorati Favorites