Saturday, November 20, 2010

പേരില്ലാത്തൊരു പ്രണയം


നിനയ്ക്കാത്ത നേരത്ത് വന്നു എന്‍ ജന്മത്തില്‍ ...........
നിനയ്ക്കുന്നു നിന്നെ ഈ ഓരോ നിമിഷത്തിലും.........
അറിയുന്നു നിന്നെ ഞാന്‍ എന്നിലൂടെ
അറിയാന്‍ കൊതിച്ചതെല്ലാം........
നിന്‍ ശ്വാസത്തിന്‍ ചൂടും ഹൃദയമിടിപ്പിന്‍ വേഗവും
ഇന്നെനിക്കു കാണാപാഠം............
നിന്‍റെ കാമം കലര്‍ന്ന ആ മിഴികള്‍
എന്‍ ആത്മാവില്‍ ചൂഴ്ന്നിറങ്ങി
എന്നെ നിന്നിലെക്കലിയിക്കുന്നു....
നിന്‍റെ ചുംബനത്തിനായ് കൊതിക്കുമീ
വിറയാര്‍ന്ന ചുണ്ടുകള്‍ എന്‍റെ ആത്മാവിന്‍
ശബ്ദത്തില്‍ മന്ദ്രിക്കുന്നു.......
നിന്നെ ഞാന്‍ പ്രണയിക്കുന്നു ആത്മര്തമായ് ....
ഈ ജന്മം മാത്രമല്ല....വരും ജന്മത്തിലും .......

Thursday, January 14, 2010

യാത്രാമൊഴി


ആ സായംസന്ധ്യയില്‍ നാം തമ്മില്‍ കണ്ടനാള്‍,
ഇന്നുമെന്‍ മനസ്സില്‍ മായാതെ നില്‍പൂ.
അന്നു നീ എന്നോടു മാത്രം മിണ്ടാത്തതിനുള്ള-
പരിഭവം,
വെറുതെയെന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നു....
നിന്നോടുള്ള തീക്ഷ്ണമായ പ്രണയത്തിന്‍,
പനിനീര്‍പ്പൂക്കളെന്‍,
മനസ്സില്‍ വിരിഞ്ഞതു ഞാന്‍ അറിഞ്ഞില്ല.
ഒരു നാള്‍ സ്വപ്നത്തില്‍ നീ വന്നു മറഞ്ഞപ്പോള്‍,
നിനക്കായെന്‍ മനമേറെ കൊതിച്ചിരുന്നു.
നിലാവുള്ള രാത്രികളില്‍, ജനല്‍പ്പാളിതുറന്നു,
ആകാശത്തെ നക്ഷത്രങ്ങളെ നോക്കിനില്‍ക്കുമ്പോള്‍,
നീയുമെന്നരികില്‍ ഉണ്ടായിരുന്നെങ്കിലെന്നു,
വെറുതെ ഞാന്‍ മോഹിച്ചിരുന്നു.
മഴയുള്ള സായ്ഹാനങ്ങളില്‍, നീയെന്‍,
കുടക്കീഴീലേക്കു ഓടിയെത്തുമെന്നു,
ഞാന്‍ നിനച്ചിരുന്നു....
ഒളികണ്ണിട്ടു നിന്നെ നോക്കുന്ന നേരം,
നീയെന്നെ നോക്കുമെന്നറിയുമ്പോള്‍, എവിടേയ്ക്കോ,
അലസ്സമായെന്‍ മുഖം തിരിച്ചിരുന്നു................
പിരിയുന്നതിനുമുന്‍പെങ്കിലും, എന്‍ മനസ്സിലൊളിപ്പിച്ച,
പ്രണയത്തെ നിന്നോടോതണമെന്നോര്‍ത്തപ്പോള്‍,
വാക്കുകള്‍ എവിടേയ്ക്കോ മറഞ്ഞുപോയിരുന്നു...
ഈ സായംസന്ധ്യയില്‍, പറയാന്‍ കഴിയാതെപോയ,
പ്രണയത്തിന്‍ നൊമ്പരവുമായ്
ഈ പടികളിറങ്ങുമ്പോള്‍,
മനസ്സിന്റെ വിങ്ങലുകള്‍ക്കിടയില്‍
നിന്നാരോ ഉരുവിടുന്നു,
"വേര്‍പിരിയുന്ന നിമിഷത്തിലെ സ്നേഹം,
അതിന്റെ ആഴത്തെ തിരിച്ചറിയു" യെന്ന് .

- ആ നഷ്ടപ്രണയത്തിനായ്

Saturday, August 22, 2009

ചലനം



അതിരാവിലെ, 10 മണിക്ക് ഇറങ്ങിയതാണ് ഓഫീസിലേക്ക്. മസ്ജിദ് റോഡില്‍ നിന്നും ബേഗൂര്‍ റോഡിലേക്ക് ബൈക്ക് എടുത്തപ്പോള്‍ തന്നെ വണ്ടിപ്രളയം. ദൈവമേ, ഇതിനും മാത്രം വണ്ടികള്‍ എവിടെനിന്നും വന്നു.അതുപോട്ടെ, ഇതൊക്കെ ഓടിക്കാനുള്ള മനുഷ്യന്‍മാരോ? മുന്‍പേ തന്നെ, ഇന്ത്യയിലെ എല്ലാ സ്ഥലത്തു നിന്നുമുള്ള സോഫ്റ്റ്വെയര്‍ ജീവികളെ കൊണ്ട് പൊറുതി മുട്ടി നില്‍ക്കുന്ന സ്ഥലമാണ് ബാംഗ്ലൂര്‍. അതിനു പുറമേ, ദേ എല്ലാ ഇന്ത്യന്‍ കള്ളന്‍മാരും വന്നു ചേക്കേറിയിരിക്കുന്ന സ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു.


ബാംഗ്ളൂര്‍ മിറര്‍ ഉള്ളതുകൊണ്ട് നല്ല മനസ്സമാധാനം. ചെറിയ പത്രമായതിനാല്‍ രാവിലെ കുറച്ചു സമയം കളഞ്ഞാല്‍ മതി. പേജ് 3 മോഡലായതുകൊണ്ട് കുത്തും കൊലയും ഒന്നും വായിക്കണ്ട. ബ്രിട്നി സ്പിയേര്‍സിനെന്തു സംഭവിച്ചു, സല്‍മാന്‍ ഖാന്റെ മസ്സിലു കുറഞ്ഞു പോയോ... അങ്ങനെ രസകരമായ തമാശകള്‍.


അല്ലെങ്കിതന്നെ ഇത്ര ഗൗരവത്തിലിരിക്കണ്ട കാര്യമില്ല. ജീവിതമെന്നാല്‍ കുറച്ചു തമാശയൊക്കെ വേണ്ടേ. ഹൈസ്കൂളിലായിരുന്ന സമയത്തു അച്ഛനുമമ്മയും പറഞ്ഞു, "മക്കളെ, നന്നായി പഠിക്ക്; പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് വാങ്ങിയാല്‍ എല്ലാം ശരിയാകും". ഗൗരവത്തിലിരുന്നു പഠിച്ചു. എന്നിട്ടെന്തായി? പത്താം ക്ലാസ്സും കഴിഞ്ഞു, പന്ത്രണ്ടും കഴിഞ്ഞു, ഡിഗ്രിയും കഴിഞ്ഞു, മാസ്റ്റേഴ്സും കഴിഞ്ഞു, ജോലിയും കിട്ടി. അപ്പോഴാണ് മനസ്സിലായതു ജീവിതത്തിലിനിയും ചാടികിടക്കാന്‍ ഒരുപാടു സംഭവങ്ങളുണ്ടെന്ന്. അതുകൊണ്ട് ഗൗരവത്തിന്റെ ലെവലു കുറച്ചു. തമാശയുടെ ലെവലു കൂട്ടി. ഇപ്പോള്‍ സംഗതി ശരിയായി. തമാശ പറഞ്ഞു ചിരിച്ച് , ചിരിച്ച്, റിസഷന്റെ പേരില്‍ മാനേജര്‍ പിടിച്ചു പുറത്താക്കുമ്പോഴും ചിരിക്കാന്‍ കഴിഞ്ഞാല്‍ മതി.


കല്യാണം കഴിഞ്ഞു മാര്യീഡ് ബാച്ചിലേഴ്സായി നില്‍ക്കുന്ന റൂമീസ് (പേടിക്കേണ്ട, സഹമുറിയന്‍മാര്‍) ഉണ്ടെങ്കില്‍ അല്‍പം പേടിക്കണം. കമ്പ്യൂട്ടര്‍ പുസ്തകങ്ങള്‍ക്കുവേണ്ടി പണ്ട് മാറ്റിവച്ച, എംടിയും, ഒളപ്പമണ്ണയും, ചങ്ങമ്പുഴയും, വൈലോപ്പിള്ളിയും, വികെയെന്നും, ഷേക്സ്പിയറും... എന്തിനു പമ്മന്‍ വരെയും മുന്നില്‍ കിടന്നു കസര്‍ത്തു കളിക്കുന്നതു കാണാന്‍ കഴിയും. പണ്ട് കോളേജില്‍ വച്ചു ഒരു ഗെഡി അല്‍പം ഗൗരവത്തില്‍ പ്രണയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉപയോഗിച്ച ഒളപ്പമണ്ണന്‍ വരികള്‍ ഓര്‍ത്തുപോകുന്നൂ.
        "ഏഹി സൂനരി, നീയെന്‍ മുരളിയില്‍,
        സ്നേഹഗാനമായൂറി നിന്നീടുകില്‍,
        പൂവിനുള്ളിലെ തേന്‍തുള്ളിപോലാകുമെന്‍,
        ജീവിതത്തിന്റെ നൊമ്പരം കൂടിയും."

എന്തായാലും ഈത്തരം മനുഷ്യരെക്കൊണ്ട് കാശു വാരുന്നതു അമ്പാനിയും മിത്തലുമാണേ; പിന്നെ ആ പാവം പട്ടികുട്ടിയും. നമുക്കു ഒരു മൊബൈല്‍ സാഹിത്യ വിപ്ലവം തുടങ്ങാമെന്നേ.


അപ്പോള്‍ പറഞ്ഞുവന്നത്, ങ്ഹാ, ബൈക്കു റോഡിലേക്ക് എടുത്തപ്പോള്‍ കണ്ട വണ്ടിപ്രളയം. എന്തായാലും വണ്ടി ഒതുക്കി, അടുത്തുള്ള 'അഡിഗ അഭിരുചി' കന്നഡ ഹോട്ടലിലെത്തി കാഷ്യറോട് ചോദിച്ചു, "ഏനെല്ലാം ഇരിക്ക് ഇതേ?". അറിയാവുന്ന തമിഴും, മലയാളവും, കന്നഡയും കൂട്ടി കാച്ചിയതാണെന്നെ. മച്ചു തുടങ്ങി, "ബിസി ബേലേ ബാത്ത്, കാരാ ബാത്ത്, ചൗ ചൗ ബാത്ത് ...."; ഹെന്റമ്മോ, അവസാനം പറഞ്ഞത് എന്തായാലും ചൈനീസല്ല. നമ്മുടെ സാള്‍ട്ട് മാംഗോട്രീയും, പാച്ചോറും പാതി പാതി. രണ്ടു സുന്ദരന്‍ ഇഡ്ഡലിയും, ഒരു കൊച്ചു വടയും ഓര്‍ഡര്‍ കൊടുത്തപ്പോള്‍ പോക്കറ്റിലിരുന്ന 24 രൂപ കാലി.


കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോകുന്ന പിള്ളേര്‍ പണ്ട് റോഡ്റാഷ് ഗെയിം കളിച്ചാണ് ഹരിശ്രീ കുറിച്ചിരുന്നത്. അതിന്റെ ആവശ്യമെന്താണെന്ന് ബാംഗ്ളൂരില്‍ ബൈക്ക് ഓടിച്ചാല്‍ അറിയാം. മഗാ, ബൈക്കെടുത്ത് രണ്ട് റോഡ്റാഷ് കളിച്ചാല്‍ മാത്രമേ കറക്റ്റ് സമയത്ത് ഓഫീസിലെത്തു. പിന്നെ മഴ ടൈമാണെങ്കില്‍ പറയണ്ട. വണ്ടി പ്രത്യേകിച്ചു ആന്തരികം വരേ കഴുകേണ്ട ആവശ്യമില്ല; ബാംഗ്ളൂരിലെ ഡ്രെയിനേജ് സിസ്റ്റം അത്യന്താധുനികമല്ലെ - റോഡ് തോടാക്കുന്ന മാസ്മരികത. മുന്‍പിലെ വണ്ടിയില്‍ നിന്നും ചെളി തെറിച്ചു ഷര്‍ട്ടില്‍ പുള്ളിക്കുത്തു വീണാലും പറയാം - "ഇതു പുതു ട്രെണ്ട് മഗാ...".


ഓഫീസിലെ ഗെയ്റ്റില്‍ തോക്കും പിടിച്ചിരിക്കുന്ന സെക്യുരിറ്റിക്കാരാണ് - ഓരോരുത്തന്‍മാര്‍ ബോംബ് പൊട്ടിച്ചു കളിക്കാനും ഉന്നം പഠിക്കാനും ബാംഗ്ളൂര്‍ ഉപയോഗിച്ചതിന്റെ അവശേഷിപ്പ്. എന്തായാലും പ്ളാസ്റ്റിക്കു കാര്‍ഡുമുരച്ച് ക്യൂബിക്കിളിലേക്ക് ഓടുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി .... "Chetta, What happened to that code? Yesterday I had sent a mail.", എന്റെ മാനേജരാണ്. മല്ലൂസിനെ "ചേട്ടാ" എന്നും ഇവന്‍മാര്‍ വിളിക്കാറുണ്ട്. ചെറ്റാന്നായിരിക്കും അങ്ങോര്‍ ഉദ്ദേശിച്ചത്. എന്തായാലും, "ശ്വാസം വിടാന്‍ അല്‍പം സമയം താടാപ്പാ, ഒരു കാലി ചായയടിച്ചിട്ടു വരാമെന്നേ", എന്നു പറയണമെന്നുണ്ട്. രാത്രി ഡൗണ്‍ലോഡ് ചെയ്തു കണ്ട പുതിയ മമ്മൂട്ടി പടത്തിന്റെ ഹാങ്ങോവര്‍ മാറാന്‍ കോഫീമെഷീനില്‍ നിന്നും ഒരു സ്ട്രോങ്ങ് എസ്പൃസ്സോയുമെടുത്ത് ക്യൂബിക്കിളില്‍ വന്ന്, കീബോര്‍ഡില്‍ "Ctrl + Alt + Del" അമര്‍ത്തി. "Username: " - ബാംഗ്ളൂരിലാണെങ്കിലും പേരു മാറ്റിയിട്ടില്ല; പഴയതു തന്നെ. "Password: " - അതിപ്പോ ഏതായിരുന്നു ... gmail, ymail, orkut, blogspot, facebook, linkedin, peoplesoft, sap... "തേങ്ങാക്കൊല!".

Tuesday, February 17, 2009

ഏകാന്തത

ഏകാന്തതയുടെ ചില്ലയില്‍ കാലമാം പ്രാവ് ഇരിക്കുന്നു.
വിശപ്പ് അവനെ പറത്തുന്നു, വിഹായസ്സില്‍;
കണ്ണുംനട്ട് ഭൂമിയുടെ ചവറ്റുകുട്ടകളില്‍.
ചില്ലകളുണ്ടനേകം, ഇലപൊഴിഞ്ഞ ജീവിതമരത്തിന്.
പക്ഷെ പ്രാവിനിഷ്ടം, ഏകാന്തതയെ.
ആത്മസൗന്ദര്യം, അദ്വൈതം, ഓഷോയിസം -
സരണികളുണ്ടനേകം ഒറ്റയാന്‍ ചിന്തകള്‍ക്ക്.
ഉലഞ്ഞു ജീവിതമരം, പിടഞ്ഞു ഹൃദയം -
കാലപ്രാവ് തിരിഞ്ഞുനോക്കി; കര്‍മമാം പെണ്‍പ്രാവ്!
ആണ്‍പ്രാ: "നീയെന്തിനിവിടെ?"
പെണ്‍പ്രാ: "ഞാനില്ലാതെ നീയില്ല..."
"ഹേയ്, നിറുത്തു ചിന്തതന്‍ അമ്മാനമാടല്‍,
എനിക്കു വിശക്കുന്നു..."; അവള്‍ കുറുകി.
ഏകാന്തത; മണ്ണാംകട്ട -
അവന്‍ പറന്നു അനന്തവിഹായസ്സിലേക്ക്,
കണ്ണുംനട്ട് ഭൂമിയുടെ ചവറ്റുകുട്ടകളിലേക്ക്.

Wednesday, February 4, 2009

ചൂട്

രാത്രിക്കു ചൂടാണു ബാംഗ്ലൂരില്‍. യൗവനത്തിന്റെ ചുറുചുറുക്കുള്ള ചൂട്.
സിമന്റുകൂടുകളിലെ പക്ഷികള്‍ക്ക് ചൂടു വെറുപ്പാണ്.
അതു അവരുടെ സ്വപ്നങ്ങള്‍ക്ക് കടിഞ്ഞാണിടുന്നു.

Tuesday, February 3, 2009

ഇത് ബാംഗ്ളൂര്‍

രാത്രിതന്‍ ദാരിദ്ര്യ ഭാണ്ഡമേ,
നിനക്കിവിടെയിടമില്ല.
ഇത് ബാംഗ്ളൂര്‍, ബൈനറി നഗരം,
പടിഞ്ഞാറിന്റെ സോഫ്റ്റ്-വെയര്‍ ചവറ്റുകുട്ട,
പ്ളാസ്റ്റിക്കു പണത്തിന്റെ ഗന്ധവാഹിനി.
നിന്റെ വിശപ്പ്; ഇവിടെ തമാശ.
നിന്റെ രോദനം; പുതിയ റിംഗ്ടോണ്‍.
നിന്റെ പടം; അടുത്ത ഇമെയില്‍-അറ്റാച്ച്മെന്റ്.
ഇത് ബാംഗ്ളൂര്‍, ബൈനറി നഗരം.
പായുന്ന, മേയുന്ന, ചായുന്ന, കായുന്ന,
തീക്ഷ്ണ യുവത്വം, ഇവിടെ പടുക്കുന്നു,
സോഫ്റ്റ്-വെയര്‍ ഗോപുരങ്ങള്‍.
ഇത് ബാംഗ്ളൂര്‍, ബൈനറി നഗരം.

Add to Technorati Favorites