Thursday, January 14, 2010

യാത്രാമൊഴി


ആ സായംസന്ധ്യയില്‍ നാം തമ്മില്‍ കണ്ടനാള്‍,
ഇന്നുമെന്‍ മനസ്സില്‍ മായാതെ നില്‍പൂ.
അന്നു നീ എന്നോടു മാത്രം മിണ്ടാത്തതിനുള്ള-
പരിഭവം,
വെറുതെയെന്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നു....
നിന്നോടുള്ള തീക്ഷ്ണമായ പ്രണയത്തിന്‍,
പനിനീര്‍പ്പൂക്കളെന്‍,
മനസ്സില്‍ വിരിഞ്ഞതു ഞാന്‍ അറിഞ്ഞില്ല.
ഒരു നാള്‍ സ്വപ്നത്തില്‍ നീ വന്നു മറഞ്ഞപ്പോള്‍,
നിനക്കായെന്‍ മനമേറെ കൊതിച്ചിരുന്നു.
നിലാവുള്ള രാത്രികളില്‍, ജനല്‍പ്പാളിതുറന്നു,
ആകാശത്തെ നക്ഷത്രങ്ങളെ നോക്കിനില്‍ക്കുമ്പോള്‍,
നീയുമെന്നരികില്‍ ഉണ്ടായിരുന്നെങ്കിലെന്നു,
വെറുതെ ഞാന്‍ മോഹിച്ചിരുന്നു.
മഴയുള്ള സായ്ഹാനങ്ങളില്‍, നീയെന്‍,
കുടക്കീഴീലേക്കു ഓടിയെത്തുമെന്നു,
ഞാന്‍ നിനച്ചിരുന്നു....
ഒളികണ്ണിട്ടു നിന്നെ നോക്കുന്ന നേരം,
നീയെന്നെ നോക്കുമെന്നറിയുമ്പോള്‍, എവിടേയ്ക്കോ,
അലസ്സമായെന്‍ മുഖം തിരിച്ചിരുന്നു................
പിരിയുന്നതിനുമുന്‍പെങ്കിലും, എന്‍ മനസ്സിലൊളിപ്പിച്ച,
പ്രണയത്തെ നിന്നോടോതണമെന്നോര്‍ത്തപ്പോള്‍,
വാക്കുകള്‍ എവിടേയ്ക്കോ മറഞ്ഞുപോയിരുന്നു...
ഈ സായംസന്ധ്യയില്‍, പറയാന്‍ കഴിയാതെപോയ,
പ്രണയത്തിന്‍ നൊമ്പരവുമായ്
ഈ പടികളിറങ്ങുമ്പോള്‍,
മനസ്സിന്റെ വിങ്ങലുകള്‍ക്കിടയില്‍
നിന്നാരോ ഉരുവിടുന്നു,
"വേര്‍പിരിയുന്ന നിമിഷത്തിലെ സ്നേഹം,
അതിന്റെ ആഴത്തെ തിരിച്ചറിയു" യെന്ന് .

- ആ നഷ്ടപ്രണയത്തിനായ്
Add to Technorati Favorites